മുംബൈ: ലയനചർച്ചകൾ അപ്രസക്തമാക്കി ഇരുവിഭാഗം എൻസിപി നേതാക്കളും പരസ്പരം ആക്രമണം രൂക്ഷമാക്കി. ലയനവിഷയം ശരദ് പവാർ പക്ഷം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ മാപ്പു പറയണമെന്ന് എൻസിപി നേതാവ് ആനന്ദ് പരഞ്ജ്പെ ആവശ്യപ്പെട്ടു.
പാർട്ടി മുഖപത്രമായ രാഷ്ട്രവാടിയിൽ ശശികാന്ത് ഷിൻഡെ എഴുതിയ ലേഖനം അജിത് പവാറിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആനന്ദ് പരഞ്ജ്പെ പറഞ്ഞു. ചർച്ചകൾ നടത്താൻ ഒരു നേതാവും ഇല്ലാത്തതിനാൽ ഇപ്പോൾ ലയനം അടഞ്ഞ അധ്യായമാണെന്ന് ശശികാന്ത് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ പ്രശ്നം എൻസിപി (എസ്പി) അവസാനിപ്പിച്ചു. തന്റെ പാർട്ടി ലയനത്തിനായി ശക്തമായി ശ്രമിക്കുന്നുണ്ടെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ, അത് ശരിയല്ല. പാർട്ടി ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ലേഖനത്തിൽ അജിത് പവാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
അതേസമയം, അജിത് പവാർ എൻസിപി വിടാനുള്ള സാഹചര്യം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ലേഖനത്തിലുണ്ടെന്ന് ആനന്ദ് പരഞ്ജ്പെ പറഞ്ഞു. അജിത് പവാറിന്റെ മരണശേഷവും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു.
പാർട്ടി പ്രവർത്തകർ ഈ ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകും. ലയനവിഷയം നിലവിൽ പാർട്ടി അജൻഡയിൽ ഇല്ലെന്ന് പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താത്കറെയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.